
സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം. ഡമാസ്കസിന് സമീപത്തെ ഡൈ്വലയിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 52 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഞായറാഴ്ച പ്രാർത്ഥനകൾക്കിടെയാണ് അക്രമി പള്ളിയിലെത്തിയത്.
പള്ളിയിലേക്ക് പ്രവേശിച്ച ഐഎസ് അംഗം ആദ്യം പള്ളിയിലുണ്ടായിരുന്നവർക്ക് നേരേ വെടിയുതിർത്തു. പിന്നാലെ സ്വയം പൊട്ടിത്തെറിച്ചെന്നുമാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം, ചാവേർ ആക്രമണം നടത്തിയ ആൾ ഉൾപ്പെടെ രണ്ടുപേർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ആണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബാഷർ അൽ അസദിനെ വിമത കലാപത്തിലൂടെ അട്ടിമറിച്ചശേഷം സിറിയയിൽ നടക്കുന്ന ആദ്യത്തെ ചാവേർ ആക്രമണമാണിത്. ആക്രമണം നടന്ന പള്ളിയിൽനിന്നുള്ള ദൃശ്യങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങളും വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.











